കേരളം
സ്കൂൾ തുറക്കാന്‍ കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാർശ ചെയ്യുന്നില്ല. എന്നാൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് അഭികാമ്യം ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേ സമയം സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്.
തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.