കേരളം
ദിവസവേതനം 299രൂപയില്‍ നിന്ന് 311 രൂപയാക്കി ; നഗരതൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടി
നഗരതൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടി. ദിവസവേതനം 299രൂപയില്‍ നിന്ന് 311 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനയെന്നും മന്ത്രി വ്യക്തമാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളെ മാലിന്യ സംസ്‌കരണ മേഖലയിലും വിനിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
2016ല്‍ 229 രൂപയായിരുന്ന വേതനം, 2020ല്‍ 299 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന, അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം തൊഴില്‍.
അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുക. ഇതാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കാവുന്ന എല്ലാ പ്രവൃത്തികളും ഏറ്റെടുക്കാന്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
നഗരങ്ങളിലെ മാലിന്യ സംസ്‌കരണവും അനുവദനീയമായ പ്രവൃത്തിയാണ്. കൂടാതെ 201920 സാമ്പത്തിക വര്‍ഷം മുതല്‍ രണ്ടു കന്നുകാലികളില്‍ കൂടുതലുള്ള, അവശത അനുഭവിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ക്ഷീരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി 100 ദിവസത്തെ വേതനം അയ്യങ്കാളി നഗരതൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് ഇവര്‍ക്ക് നല്‍കുന്നുണ്ട്.