Kerala
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്


ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് മാസ്‌ക് ധരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രികളില്‍ ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണം. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ ഇതിന് തയ്യാറാവണം. രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും മോദി നിര്‍ദേശിച്ചു.
അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.