കേരളം
ഏകീകൃത കുര്‍ബാന തര്‍ക്കം; കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം
ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷം. കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയ്ക്ക് മുന്നില്‍ വിമത വിഭാഗം തടഞ്ഞു. ബസീലക്കയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞത് ഉന്തും തള്ളുമുണ്ടാക്കി. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഘര്‍ഷം.
ബിഷപ്പിനെ ഗേറ്റ് പൂട്ടിയിട്ട് തടയുകയായിരുന്നു.ഏകീകൃത കുര്‍ബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമതപക്ഷം. ഇതിനിടെ ബസലിക്കയിലെ കസേരകള്‍ ഒരു വിഭാഗം വലിച്ചെറിഞ്ഞു. മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിച്ചു. ഇതോടെ കുര്‍ബാന ഉപേക്ഷിച്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു.
സുരക്ഷ ഒരുക്കാന്‍ ഔദ്യോഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുകയായിരുന്നു.ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്നലെ മെത്രാന്‍ സമിതി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ പരിഹാരം കാണാനായിരുന്നില്ല.