കേരളം
യുഡിഎഫിന്റെ മലയോര ഹര്‍ത്താല്‍: പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു
വനത്തിനോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് വയനാട് കല്പറ്റയിലും മലപ്പുറം നിലമ്പൂരിലും വാഹനങ്ങള്‍ തടയുന്നു. കല്പറ്റയില് കെ.എസ്.ആര്.ടി.സി ബസുകളും തടഞ്ഞു.
ഇടുക്കി ജില്ലയില്‍ കടകൾ തുറന്നിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ദീർഘദൂര കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുമളി അതിർത്തി വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.
വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലുമാണ് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍. നിലമ്പൂർ നഗരസഭയിലും കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചാലിയാർ, എടവണ്ണ, മമ്പാട്, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലുമാണ് മലപ്പുറത്തെ ഹര്‍ത്താല്‍.