കേരളം
തിരുവോണ ദിവസം തൃശൂരിൽ രണ്ടിടത്ത് കൊലപാതകം
തിരുവോണ ദിനത്തിൽ തൃശൂർ ജില്ലയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ. ഇരിങ്ങാലക്കുടയിലുണ്ടായ കൊലപാതകം വാടകയെ ചൊല്ലിയായിരുന്നു. വീട്ടുടമയുടെയും സംഘത്തിന്റെയും വീട് കയറിയുളള ആക്രമണത്തിൽ മനപ്പടി ശശീന്ദ്രന്റെ മകൻ സൂരജ് മരിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ വീട്ടുടമസ്ഥനും വീട് വാടകയ്ക്കെടുത്ത ശശീന്ദ്രനും തമ്മിൽ തർക്കമുണ്ടായിരുന്നു. വീട്ടുടമ ബലമായി വീടൊഴിപ്പിക്കാനെത്തിയതോടെ ശശീന്ദ്രനും കുടുംബത്തിനും മർദ്ദനമേൽക്കുകയായിരുന്നു. മർദ്ദനമേറ്റ സൂരജ് മരണമടഞ്ഞു, ഗുരുതരമായി പരിക്കേറ്റ ശശീന്ദ്രൻ ചികിത്സയിലാണ്.
പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്വരൂപ് എന്നൊരാളും മർദ്ദനമേറ്റ് ചികിത്സയിലാണ്. മറ്റൊരിടത്ത് കൊല നടന്നത് മദ്യപാനത്തിനൊടുവിലാണ്. ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷ്(52) ബന്ധു അനൂപിന്റെ കുത്തേറ്റ് മരിച്ചു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു.
ഇതിനിടെ വീട്ടിലേക്ക് സുരേഷിനെ ക്ഷണിച്ചുവരുത്തിയ അനൂപ് ഇയാളുമൊത്ത് മദ്യപിച്ചു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.