കേരളം
തിരുവനന്തപുരം മരുതൂർ തോട് പാലം അപകടാവസ്ഥയിൽ
തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ.
പാലത്തിന്റെ സ്ഥിതി അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി- മണലുവിള- മൂന്നുകല്ലിൻമൂട് വഴി ഓപ്പറേറ്റ് ചെയ്യേണ്ടതാണെന്ന് നിർദ്ദേശിച്ചിരിക്കുന്നു.
പാലം തകരാർ കാരണം തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഗതാഗതം ഇപ്പോൾ ഓലത്താന്നി വഴി തിരിച്ചുവിട്ടിരിക്കുന്നു. ഇന്ന് പി എസ് സി ടെസ്റ്റ് എഴുതാൻ പോകുന്നവർ ഉൾപ്പടെ എല്ലാവരും ശ്രദ്ധിക്കുക.
വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു. വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. പെരിങ്ങമ്മലയിൽ കിണർ ഇടിഞ്ഞു താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു.