ആരോഗ്യം
മുടികൊഴിച്ചിൽ കുറയ്ക്കാൻ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് ഉലുവ. കാരണം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു. കൂടാതെ, മുടി കൊഴിച്ചിൽ കുറയ്ക്കുകയും പുതിയ ആരോഗ്യമുള്ള ഇഴകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഉലുവയ്ക്ക് മികച്ച കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. ഹെയർ മാസ്‌കായി ഉലുവ പതിവായി ഉപയോഗിക്കുന്നത് മുടി മൃദുവും മിനുസമാർന്നതും കൈകാര്യം ചെയ്യാവുന്നതുമാക്കും. അവ തലയോട്ടിക്ക് ജലാംശം നൽകുകയും, പുറംതൊലി, ചൊറിച്ചിൽ എന്നിവ തടയുകയും ചെയ്യുന്നു.
ഉലുവയിൽ ഹോർമോൺ നിയന്ത്രിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. കൂടാതെ, ഉലുവയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഉലുവയിലെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരൻ അകറ്റുന്നതിനുള്ള ഒരു ഫലപ്രദമായ പ്രതിവിധി കൂടിയാണ്. ഉലുവ പേസ്റ്റ് പതിവായി പുരട്ടുന്നത് താരനുമായി ബന്ധപ്പെട്ട തലയോട്ടിയിലെ വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കും.
രണ്ട് ടീസ്പൂൺ ഉലുവ പേസ്റ്റും ഒരു ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറാണ് തൈര്. കാൽസ്യം, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായതിനാൽ തെെര് മുടിയെ മൃദുവാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.തൈരിൽ വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കാനും തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.