Connect with us

ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റിന്റെ മരണം; ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവെന്ന് മരണത്തിന് മുമ്പ് അനന്യയുടെ വെളിപ്പെടുത്തൽ!

Kerala

Published

on

ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയയിലെ പിഴവ് എന്ന് ആരോപണം. ശസ്ത്ര ക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോക്ടർക്കെതിരെ യുവതി ആരോപണം ഉന്നയിച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്.

ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു.

തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്. 2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച് പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.

അനന്യയുടെ വാക്കുകള്‍ ഇങ്ങനെ:

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം“

“എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്“

ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റെനയ് ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്. അടുത്തിടെ ട്രാന്‍സ് ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ശ്രമിക്കവെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാര്‍ ഇത് തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി.

ആരോഗ്യ നില വീണ്ടെടുക്കാന്‍ മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ നേടാന്‍ ശ്രമിച്ചെങ്കിലും ഇതിനും റെനയ് ആശുപത്രി ഡോക്ടര്‍മാര്‍ സഹകരിച്ചില്ല. തന്നെ ചികിത്സിച്ചതിന്റെയും നടത്തിയ ശസ്ത്രക്രിയകളുടെയും വിശദ മെഡിക്കല്‍ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. ഒമ്പത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും ഈ ട്രാന്‍സ് യുവതി അന്ന് ചൂണ്ടിക്കാട്ടി.

320 ഓളം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തയാളാണ് എന്നാണ് ഡോക്ടര്‍ അര്‍ജുന്‍ അശോക് അവകാശപ്പെടുന്നത്. എന്നാല്‍ ഇതു പോലെ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ വെച്ച് തെറ്റായ ശാസ്ത്രക്രിയക്ക് ഇരയായിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതേ ഡോക്ടറുടെ പിഴവ് മൂലം ഒരു ട്രാന്‍സ് ജെന്‍ഡറിന് മൂന്ന് തവണ സര്‍ജറി ചെയ്തിട്ടും ശരിയാവാതെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അന്ന് അഭിമുഖത്തില്‍ അനന്യ വ്യക്തമാക്കിയിരുന്നു.

ഇടപ്പള്ളിയിലെ സ്വകാര്യ മാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെൻഡര്‍ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പത്രിക നൽകിയെങ്കിലും മൽസരിച്ചില്ല. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് അവര്‍ വേങ്ങര മണ്ഡലത്തില്‍ മല്‍സരിക്കാനിരുന്നത്. കേരള നിയമസഭയിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ എന്ന പ്രത്യേകതയും അനന്യയുടെ സ്ഥാനാര്‍ഥിത്വത്തിൽ ഉണ്ടായിരുന്നു.കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ ജോക്കി കൂടിയായിരുന്നു അനന്യ.

മരിക്കുന്നതിന് 5 ദിവസം മുമ്പ് (ജൂലൈ 15ന്) അനന്യ കുമാരി അലക്‌സ് ദ ക്യുവിന് നൽകിയ ഇന്റർവ്യൂ

Story: ട്രാന്‍സ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ