കേരളം
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയിൽ. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.
രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.