കേരളം
‘തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്നാക്കും’
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്. പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനം നടത്തിയത്.
യാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ചെയർമാൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്നാക്കണമെന്ന് യാത്രക്കാരിൽ നിന്നും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് റെയിൽവേ മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുമെന്നും പറഞ്ഞു. കേന്ദ്രസർക്കാറിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളെ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും ഒരു സ്റ്റേഷന് 20 രൂപ മുതൽ 35 കോടി രൂപ വരെ ലഭിക്കുമെന്നും വ്യക്തമാക്കി.
കൂടാതെ കോഴിക്കോട്, തൃശൂർ, എറണാകുളം നോർത്ത് സൗത്ത്, ചെങ്ങന്നൂർ, വർക്കല, കൊല്ലം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളെ വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും രണ്ടാംഘട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും ഉൾപ്പെടുത്തുമെന്നും പറഞ്ഞു. ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സംഘം മടങ്ങിയത്.
നേരത്തെ വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ അനുവദിച്ച സ്റ്റോപ് പിന്നീട് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലയിലെ എംഎൽഎമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ് അനുവദിച്ചില്ല. ഷൊറണൂരിൽ സ്റ്റോപ് അനുവദിക്കുന്നതിനാണ് തിരൂരിൽ സ്റ്റോപ് ഒഴിവാക്കിയതെന്നും ആരോപണമുയർന്നു.