കേരളം
വന്ദേഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും; പല ട്രെയിനുകളുടേയും സമയം മാറും
വന്ദേഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്‍റെ രൂപരേഖ റെയിൽവേ ബോർഡിന്‍റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാർഥ സമയക്രമം നിലവിൽ വരിക. പുലർച്ചെ 5 മണിയോടെയായിരുന്നു വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിച്ചേക്കും. ഈ മാസം തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ, പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
അതിനിടെ വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദേശം നൽകി. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റെക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. മെട്രോ മാതൃകയിൽ അടുത്ത സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും. 25നാണ് വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.