കേരളം
മുഖപത്രത്തിലെ ബിജെപി-സുരേഷ് ഗോപി വിമർശനം തള്ളി തൃശൂർ അതിരൂപത
മുഖപത്രത്തിലെ ബിജെപി-സുരേഷ് ഗോപി വിമർശനം തള്ളി തൃശൂർ അതിരൂപത. മുഖപത്രമായ “കത്തോലിക്കാ സഭയിൽ” ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വിമർശനം തള്ളിയാണ് സഭ രംഗത്തെത്തിയത്. മുഖപത്രത്തിൽ എഴുതിയത് സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് തൃശൂർ അതിരൂപത പറയുന്നു.അൽമായരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് മണിപ്പൂർ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയിൽ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രം ചേദിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ് സഭയുടെ വിശദീകരണം വന്നിട്ടുള്ളത്.
മണിപ്പൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. അതിരൂപതയുടെ മുഖപത്രം കാത്തോലിക്കാസഭ മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിച്ച വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ തന്റെ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു സുരേഷ് ഗോപി. ‘തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.