ആരോഗ്യം
തലമുടി വളരാന്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം ഇങ്ങനെ ഉപയോഗിക്കാം…
ലേഡീസ് ഫിംഗര്‍, ഓക്ര അല്ലെങ്കില്‍ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്ക നിരവധി പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുക. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തിളക്കമുള്ള തലമുടി വളരാനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചർമ്മസംരക്ഷണത്തിനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളിനാല്‍ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. വെണ്ടയ്ക്ക കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താനാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. മഗ്നീഷ്യം അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കാം. വെണ്ടയ്ക്കയിലുള്ള വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയാണ് കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.