കേരളം
രാവിലെ ഇറങ്ങുന്നത് മാല പൊട്ടിക്കാന്‍, വീടുവളഞ്ഞ പൊലീസ് കണ്ടെത്തിയത് നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങള്‍
തലസ്ഥാനനഗരിയില്‍ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബര്‍ സിറ്റിയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് മാലപൊട്ടിക്കല്‍ നടത്തിവന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പൊലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാര്‍ (23) എന്നിവരും കൂട്ടാളികളായ രണ്ടുപേരുമാണ് പാല ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.
കുളത്തൂര്‍ ഗുരുനഗറില്‍ കണിയാപുരം സ്വദേശിയുടെ വീട്ടില്‍ കഴിഞ്ഞ ഒരുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സംഘത്തെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പാലായില്‍ നിന്ന് വനിതാ എസ്.ഐഉള്‍പ്പെടെ അഞ്ച് എസ്.ഐമാരുടെ നേതൃത്വത്തിലെത്തിയ സംഘം വീട് വളഞ്ഞ് പിടികൂടിയത്. കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി നടന്ന മാലപൊട്ടിക്കല്‍ കേസുകളില്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.
മൊബൈല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുളത്തൂരില്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പൊലീസ് രണ്ട് ദിവസം മുമ്ബ് ഇവിടെയെത്തി പ്രതികളില്‍ രണ്ടുപേരുടെ ഫോട്ടോ നാട്ടുകാരുടെ സഹായത്തോടെ തിരിച്ചറിശേഷം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ പൊലീസ് വീട് വളപ്പോള്‍ വടിവാള്‍, വാക്കത്തി എന്നിവയുമായി പൊലീസിനെ നേരിടാനൊരുങ്ങിയ സംഘത്തെ സാഹസികമായാണ് പിടികൂടിയത്. പെപ്പര്‍ സ്‌പ്രേയും കവര്‍ച്ച ചെയ്ത നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതെന്ന് കരുതുന്ന ഒരു കാറും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
പിടിയിലായ സംഘത്തെ പൊലീസ് കോട്ടയത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ മാസങ്ങളായി മാലപൊട്ടിക്കല്‍ നടത്തിവന്ന സംഘങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.