കേരളം
തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍; സംഘര്‍ഷാവസ്ഥ
തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9:15 മുതലാണ് ഷഹനയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചത്. അതേസമയം, ഷഹനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവല്ലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പലവട്ടം ഷഹനയെ മാനസികമായി പീഡിപ്പിക്കുന്നതിനൊപ്പം നൗഫലിന്റെ മാതാവ് ശാരീരകമായി ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതിക്രമങ്ങൾ കൂടിവന്നതോടെ ഷഹനയെ മാതാപിതാക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
കഴിഞ്ഞ ദിവസം നൗഫൽ വീട്ടിലെത്തി ഷഹനെ തിരികെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. നൗഫലിന്റെ സഹദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് കൂട്ടിക്കൊണ്ടു പോകാൻ വന്നത്. എന്നാൽ ഷഹന പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നൗഫൽ ബലം പ്രയോഗിച്ച് ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറി അടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു.