ആരോഗ്യം
ദിവസവും ഗ്രീൻ ടീ കുടിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാനീയമാണ് ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നൽകുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും.
സമ്മർദ്ദം ഒരാളുടെ ശാരീരികവും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ബൊട്ടാണിക്കൽ കൗൺസിൽ നടത്തിയ ഗവേഷണത്തിൽ പറയുന്നു.
ഗ്രീൻ ടീയിലെ തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും പ്രകൃതിദത്തമായ ആൻറി ഡിപ്രസന്റായി പ്രവർത്തിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടീയിൽ കഫീൻ കുറവാണ്.
ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ, ഗ്രീൻ ടീ, ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ തടയുന്നു. ഗ്രീൻ ടീയിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ വിവിധ അണുബാധകൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സഹായിക്കുന്നു.
ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും അധിക ഭാരം ഒഴിവാക്കുകയും ചെയ്യുന്നു. ദിവസവും ഗ്രീൻ ടീ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ പല തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് വളരെ സഹായകമാണെന്നാണ് വിദഗ്ധർ പറയുന്നു. ടൈപ്പ്-2 പ്രമേഹരോഗികൾക്ക് ഗ്രീൻ ടീ വളരെ ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റ് ആന്റി-ഏജിംഗ് ഉള്ളടക്കം വരകൾ, ചുളിവുകൾ, സൂര്യാഘാതം തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.