Connect with us

Kerala

വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ കുറവുകളുണ്ട്, പരിഹരിക്കാൻ ശ്രമം നടക്കുന്നു-മന്ത്രി വീണ ജോർജ്

Published

on

വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസ‍‍ർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യവകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ട‍ർമാർ ഉണ്ട്. കൂടുതൽ ഡോക്ട‍ർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തിക സൃഷ്ടിക്കണം. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദ​ഗ്ധ ചികിൽസ ഉറപ്പാക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

കാസ‍ർകോട് മെഡിക്കൽ കോളജിൽ നിർമാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോൾ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂർത്തിയായി.ടെണ്ട‍‍ർ നടപടികളും തുടങ്ങി . മാത്രവുമല്ല കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ഇരകൾ ഉള്ള ജില്ലയിൽ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോ​ഗ്യവകുപ്പിൽ നിന്ന് 2പേരെ നിയമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വർക്കിങ് അറേഞ്ച്മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോ‍ർജ് പറഞ്ഞു.

അതേ സമയം ആര്യങ്കാവ് പാലിലെ മായവുമായി ബന്ധപ്പെട്ട വിഷയത്തിൽ വകുപ്പുകൾ തമ്മിൽ തർക്കം തുടരുന്നു. പാലിന്റെ ഗുണമേന്മ പരിശോധന വൈകിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് പ്രതികരിച്ചു. ഓരോ നടപടിക്രമവും സമയം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാന ലാബിലെ പരിശോധനാ ഫലവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫലം താരതമ്യം ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വകുപ്പുകൾ പൂർണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വാർത്തയിൽ വരാത്ത ഒരുപാട് പരിശോധനകൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ഓരോ വകുപ്പുമായി ഇടപെട്ട് കര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റു പരാമർശങ്ങൾ അറിയില്ലെന്നും മന്ത്രി ചിഞ്ചുറാണിക്കുള്ള പരോക്ഷ മറുപടിയിൽ വീണാ ജോർജ് വ്യക്തമാക്കി.

Advertisement