ആരോഗ്യം
മുഴുവൻ ഗുണങ്ങളും കിട്ടണമെങ്കില്‍ നെയ്യ് വാങ്ങിക്കുമ്പോള്‍ ചിലത് അറിയണം…
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമായാണ് നെയ്യ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗതമായിത്തന്നെ ഇന്ത്യൻ അടുക്കളകളില്‍ നെയ്യിന് വലിയ സ്ഥാനമാണുള്ളത്. ചോറിനൊപ്പമോ പലഹാരങ്ങള്‍ക്കൊപ്പമോ എല്ലാം ചേര്‍ത്ത് നെയ്യ് പതിവായി കഴിക്കുന്നത് പണ്ട് മുതല്‍ തന്നെ മിക്ക വീടുകളിലെയും ശീലമാണ്.
എന്നാൽ വളരെ മുമ്പെല്ലാം നെയ്യ് സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ മാത്രം കഴിച്ചുകൊണ്ടിരുന്ന വിഭവമായിരുന്നുവെങ്കില്‍ ഇന്ന് മിക്കവാറും പേരും നെയ്യ് പോലുള്ള വിഭവങ്ങളും വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണകാര്യത്തില്‍ ഇത്തരത്തില്‍ വന്നിട്ടുള്ള മാറ്റം ഏറെ സ്വാഗതാര്‍ഹവുമാണ്.
പക്ഷേ നാമിന്ന് വിപണിയില്‍ നിന്ന് വാങ്ങി കഴിക്കുന്ന എല്ലാ നെയ്യും ഇപ്പറയുന്ന അത്രയും തന്നെ ആരോഗ്യഗുണങ്ങള്‍ ഉറപ്പുവരുത്തുന്നില്ല എന്നതാണ് സത്യം. എങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നത് എന്നതുതന്നെയാണ് ഇവിടെ ഘടകമായി വരുന്നത്.
പാലില്‍ നിന്ന് നേരിട്ടും അതേസമയം പാല്‍ തൈരാക്കി അതില്‍ നിന്നും നെയ്യ് ഉത്പാദിപ്പിക്കുന്ന രീതിയുണ്ട്. ഇതില്‍ രണ്ടാമതായി പറഞ്ഞ രീതി, അതായത് പാല്‍ തൈരാക്കി അതില്‍ നിന്ന് നെയ്യ് ഉത്പാദിപ്പിക്കുന്ന രീതിയാണ് ഏറ്റവും മികച്ചത്.
പക്ഷേ വിപണിയില്‍ നിന്ന് നാം വാങ്ങിക്കുന്ന നെയ്യെല്ലാം മിക്കവാറും വ്യാവസായികാടിസ്ഥാനത്തില്‍ ഒന്നിച്ച് വലിയ അളവില്‍ നിര്‍മ്മിക്കുന്നതിനാല്‍ തന്നെ പാല്‍ തൈരാക്കുക- അതില്‍ നിന്ന് നെയ്യുണ്ടാക്കുക എന്ന ‘എക്സ്ട്രാ’ പ്രവര്‍ത്തനം കൂടി ചെയ്യില്ല. ഇതോടെ ഇതിന്‍റെ പോഷകങ്ങളിലും കുറവ് വരുന്നതായാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നുവച്ച് ഈ നെയ്യിന് ഗുണങ്ങളൊന്നുമില്ല, ഇത് കഴിക്കരുത് എന്നേയല്ല. മറിച്ച് നെയ്യുണ്ടാക്കുന്ന പരമ്പരാഗത രീതിയല്ല- അതില്‍ പോഷകങ്ങള്‍ക്ക് ചോര്‍ച്ചയും സംഭവിക്കുന്നുണ്ട് എന്നതാണ്.
കഴിയുന്നതും വീടുകളിലും അല്ലെങ്കില്‍ ചെറിയ കേന്ദ്രങ്ങളിലുമെല്ലാം തയ്യാറാക്കുന്ന നെയ്യ് വാങ്ങി ഉപയോഗിക്കുന്നതാണ് ഏറെയും നല്ലത്. ഇവയാകുമ്പോള്‍ അധികവും തൈര് കടഞ്ഞ് വെണ്ണയെടുത്ത് അത് ഉരുക്കിത്തന്നെയാണ് നെയ്യുണ്ടാക്കുക.
വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തില്‍ ആരോഗ്യകരമായ കൊഴുപ്പെത്തിക്കാനും, മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ വണ്ണം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും, ചര്‍മ്മം ഭംഗിയാക്കാനുമെല്ലാം നെയ്യ് സഹായകമാണ്. ഇങ്ങനെ പലവിധ ഗുണങ്ങള്‍ നെയ്യിനുണ്ട്. എന്നാല്‍ അമിതമായി നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതുമല്ല. പ്രത്യേകിച്ച് വേറെയും കൊഴുപ്പുകള്‍ ദിവസവും കഴിക്കുന്നു എന്നതിനാല്‍.