കേരളം
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളില്ല; കർശന നിയന്ത്രണങ്ങൾ തുടരും
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം.
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകനയോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കുടുതല്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി തുടരും. നാല് സ്ലാബ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏത് സ്ലാബുകളില്‍ വരുമെന്നത് നാളെ പ്രഖ്യാപിക്കും.
ഇന്നലെ 11.08 ശതമാനമാണ് ടിപിആര്‍. ജൂണ്‍ 29 ന് ശേഷം ഇതാദ്യമായാണ് ടിപിആര്‍ 11 ന് മുകളിലെത്തുന്നത്. പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യവും അവലോകനയോഗം പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും.
ടിപിആര്‍ 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ടിപിആര്‍ 15 ന് താഴെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിലാണ് ഇന്ന് ഇളവുള്ളത്. അവശ്യ സാധന കടകള്‍ക്ക് പുറമേ, തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്‌സ് കട, സ്വര്‍ണക്കട തുടങ്ങിയവ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.