കേരളം
ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടി
ഇടുക്കി ഡാമിൽ നിന്ന് ജയം പുറത്തേക്ക് ഒഴുക്കിയിട്ടും ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് കൂടി. ഇടുക്കിയിൽ ഇന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടാണ് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു സെക്കൻറിൽ ഒരു ലക്ഷം വെള്ളം പുറത്തേക്കൊഴുക്കിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് രാത്രിയോടെ വീണ്ടും കൂടുകയായിരുന്നു. കനത്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് കാരണം.
മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. മൂന്നാർ മാട്ടുപ്പെട്ടി ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 50 സെമീ തുറന്ന മൂന്ന് ഷട്ടറുകൾ 70 സെമീറ്ററിലേക്ക് ഉയർത്തും. ഇതിനെ തുടർന്ന് മുതിരപ്പുഴയാറിൻറെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
കനത്ത മഴയാണ് ബുധനാഴ്ച രാത്രി ഇടുക്കിയിലെ പല ഭാഗങ്ങളിലും ലഭിച്ചത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും രാത്രി മഴ ശക്തമായിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ദേവികുളം അഞ്ചാംമൈലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി.
ബുധനാഴ്ച രാത്രിയോടെ പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ രണ്ടാം സ്ലൂയിസ് വാല്‍വ് തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. 200 ക്യുമെക്‌സ് ജലമാണ് തുറന്നു വിടുന്നത്. തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായതിനേയും പറമ്പിക്കുളം ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ അളവ് 1000 ക്യൂസെക്‌സായി ഉയര്‍ത്തിയ സാഹചര്യത്തിലുമാണ് നടപടി.