കേരളം
അഞ്ചു മിനിറ്റ് ഗ്യാപ്പില്‍ വണ്ടിയെത്തും, യാത്ര ഫ്രീ; കേരളീയം കാണാന്‍ കെഎസ്ആര്‍ടിസി
കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് അഞ്ചു മിനിറ്റ് ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്. പുത്തരിക്കണ്ടം മൈതാനം മുതല്‍ കവടിയാര്‍ വരെയുള്ള വിവിധ വേദികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ഏഴാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതല്‍ പത്തു മണി വരെ കിഴക്കേകോട്ടയില്‍ നിന്നും കവടിയാറിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. കിഴക്കേകോട്ട നോര്‍ത്ത് സ്റ്റാന്‍ഡിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ജോയിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, അസി: ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സൈജു തുടങ്ങിയവര്‍ പങ്കെടുത്തു.