കേരളം
പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി: ആദ്യം മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്ന്
കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസില്‍ നല്കിയ പരാതി.2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരന് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
എന്നാല്‍, മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയര്‍ത്തി. തുടര്‍ന്ന് വനിതാ പൊലീസുകാരും കൗണ്‍സിലിംഗ് വിദഗ്ധരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.
വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് സത്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്കി. പ്രതി നിലവില്‍ വിദേശത്താണ്.