കേരളം
തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഹരജി നാളത്തേക്ക് മാറ്റി; ഗുരുവായൂര്‍ സ്ഥാനാര്‍ഥിയുടെ ഹരജിയില്‍ വാദം തുടരുന്നു
തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെതിരായ ഹരജി നാളെ പരിഗണിക്കാനായി ഹൈകോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഗുരുവായൂരില്‍ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹരജി ഇപ്പോള്‍ കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയില്‍ പത്രിക നല്‍കിയ ബി.ജെ.പി സ്ഥാനാര്‍ഥിയും കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍. ഹരിദാസിന്‍റെ ആരോപണം.
ഫോം എയും ബിയും പത്രികക്ക് ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ ഫോം എയില്‍ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുത്തുന്നതിനായി മാര്‍ച്ച് 19 ന് അത് മടക്കി നല്‍കാന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ പത്രികക്ക് ഒപ്പം നല്‍കിയെങ്കിലും സ്വീകരിച്ചില്ല.
തുടര്‍ന്ന് ഫോം എ നല്‍കിയിട്ടില്ല എന്ന പേരില്‍ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പത്രികക്ക് ഒപ്പം നല്‍കിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന ഫോം ബിയില്‍ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്‍റെ പത്രിക തള്ളിയതെന്ന് ഗുരുവായൂര്‍ സ്ഥാനാര്‍ഥിയായ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിത സുബ്രഹ്മണ്യന്‍റെ ഹരജിയില്‍ പറയുന്നു.
എന്നാല്‍ എ, ബി ഫോമുകളില്‍ ഒപ്പിടാത്തത് പത്രിക തള്ളാന്‍ കാരണമല്ല. ഈ സാഹചര്യത്തില്‍ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അധികാര ദുര്‍വിനിയോഗമാണ്. അതിനാല്‍, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.