Uncategorized
ബലാത്സംഗത്തിന് ഉത്തരവാദി സര്‍ക്കാരല്ല; പെണ്മക്കളെ സംസ്കാരത്തോടെ വളര്‍ത്തണമെന്ന് ബി.ജെ.പി എം.എല്‍.എ
ഉത്തര്‍പ്രദേശ്: ഹത്റാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനും പൊലീസുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ബെയ്രിയ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ബലാത്സംഗത്തിന് ഉത്തരവാദി സര്‍ക്കാരല്ലെന്നും പെണ്‍കുട്ടികളെ സംസ്കാരത്തില്‍ വളര്‍ത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്. ബിജെപി എംഎല്‍എയുടെ പ്രസ്താവ വിവാദത്തിലായി. എംഎല്‍എ എന്നതിനൊപ്പം താനൊരു അധ്യാപകനാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ തടയാന്‍ സര്‍ക്കാരിനാകില്ല. സംസ്കാരം കാത്ത് സൂക്ഷിച്ചാല്‍ അതിന് സാധിക്കും. ആളുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുപോലെ കുട്ടികളില്‍ സംസ്കാരം വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. പെണ്മക്കളെ സംസ്കാരത്തില്‍ വളര്‍ത്തണം. സംസ്കാരവും സര്‍ക്കാരും ചേര്‍ന്നാല്‍ രാജ്യത്തെ മനോഹരമാക്കാമെന്നും രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.