കേരളം
നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭാവന പണമായി സ്വീകരിക്കില്ല. എന്നാൽ ആളുകൾ സ്വമേധയാ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. സ്റ്റേജ്, കസേര, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയ്ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, നവ കേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസിൻറെ സാന്നിധ്യത്തിൽ ഡിവൈെഫ്ഐക്കാർ ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.
നവ കേരള സദസിൻറെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാർച്ച് നയിക്കും. എംഎൽഎ മാരും എംപി മാരും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.
അതിനിടെ നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള മർദനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി രംഗത്ത് വന്നിരുന്നു. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യും. ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണമെന്നും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.