ദേശീയം
കൊവിഡ് പോരാട്ടത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയും തിരിച്ചുവരും; പ്രധാനമന്ത്രി
രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊവിഡ് പോരാട്ടത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയും തിരിച്ചുപിടിക്കും. ജീവനും സാമ്പത്തിക വളര്‍ച്ചയ്ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും മോഡി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 125ാം വാര്‍ഷിക ആഘോഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുകയായിരുന്നു മോഡി.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ല. സ്വയം പര്യാപ്തതയാണ് ലക്ഷ്യം. രാജ്യത്തെ അതിവേഗ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിക്കുന്നതിന് ആത്മനിര്‍ഭര്‍ പരിപാടിയ്ക്കായി പ്രധാനമന്ത്രി അഞ്ചിന പദ്ധതികളും രാജ്യത്തോട് പങ്കുവച്ചു. ദൃഡനിശ്ചയം, ഉള്‍ക്കൊള്ളിക്കല്‍, നിക്ഷേപം, സംരഭക സൗകര്യങ്ങള്‍, പുതുസംരംഭങ്ങള്‍ എന്നിവയാണ് അവ. കൂടുതല്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങളാണ് ഈ മണിക്കൂറിന്റെ ആവശ്യം. അവ ലോകത്തിനു വേണ്ടി നിര്‍മ്മിച്ചവയാകണം. ഇറക്കുമതി കുറയ്ക്കാനും ശ്രദ്ധിക്കണം -മോഡി പറഞ്ഞു.
ഈ മഹാമാരിയുടെ കാലത്ത് ഇത്തരം ഓണ്‍ലൈന്‍ പരിപാടികള്‍ സാധാരണമായിരിക്കും. ഇന്ത്യയുടെ സംരംഭകത്വ കഴിവിലും വ്യവസായ നേതൃത്വത്തിലും എല്ലാവരിലും തനിക്ക വിശ്വാസമുണ്ട്. ഇന്ത്യ അതിന്റെ വളര്‍ച്ച തിരിച്ചുപിടിക്കും. കൊറോണ വൈറസ് രാജ്യത്തിന്റെ വളര്‍ച്ച ഇടിച്ചുതാഴ്ത്തി. എന്നാല്‍ യഥാര്‍ത്ഥം മനസ്സിലാക്കി നാം തുറക്കലിലേക്ക കടന്നു. വളര്‍ച്ച തിരിച്ചുപിടിക്കല്‍ തുടങ്ങിക്കഴിഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിനൊപ്പം വളര്‍ച്ചയും നേടും.
കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. മറ്റേതു രാജ്യത്തേക്കാളുപരിയായി അത് നമുക്കുണ്ട്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ നമുക്ക് കഴിയും. ഭൗതിക വിഭവങ്ങള്‍ മാരതമല്ല, മാനവിക വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നാം സ്വീകരിച്ചുകഴിഞ്ഞു. കൊവിഡ് 19 പോരാട്ടത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.