ദേശീയം
തമിഴ്നാട് പ്ലസ്ടു പരീക്ഷ റദ്ദാക്കി
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ തമിഴ്നാട്ടിലെ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യാമൊഴി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നേരത്തെ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. നിലവില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇളവുകളോടെ ലോക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടുകയായിരുന്നു.
ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്. കോവായ്, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയലദുതുരൈ എന്നീ 11 ജില്ലകളിൽ കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യം എന്നിവ വിൽക്കുന്ന ഒറ്റക്കടകൾ രാവിലെ 6.00 നും വൈകിട്ട് 5.00 നും ഇടയിൽ പ്രവർത്തിക്കാൻ അനുവദിക്കും. പച്ചക്കറികളും പഴങ്ങളും പൂക്കളും വിൽക്കുന്ന റോഡരികിലെ കടകൾക്ക് 6.00 മുതൽ 5 വരെ പ്രവർത്തിക്കാം. മത്സ്യ മാർക്കറ്റുകൾക്ക് മൊത്തവ്യാപാരത്തിന് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. കശാപ്പ് ശാലകൾക്ക് മൊത്തവ്യാപാരത്തിന് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.