കേരളം
തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം, റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒൻപതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെൻറിമീറ്റർ ഉയർത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് കുറക്കാനായി കൂടുതൽ വെള്ളം തുറന്നു വിടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എൻജിനീയർ തലത്തിൽ ചർച്ച നടത്തി. ഇതേ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനമായത്. പെരിയാറിൽ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ മാത്രമായിരിക്കും വെള്ളം ഉയരാൻ സാധ്യത. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 138.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.