ദേശീയം
ഗേൾസ് സ്കൂളിൽ ഒരുമിച്ച് പഠനം, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് വിവാഹത്തിന്? ഉറ്റസുഹൃത്തിൻ്റെ ക്രൂരത
ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്സ്മാന് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര് എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ വെട്രിമാരന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
ശനിയാഴ്ചയാണ് ചെന്നൈ നഗരത്തിന് സമീപം പൊന്മാറില്‍ ആളൊഴിഞ്ഞസ്ഥലത്ത് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ശരീരത്തില്‍ തീ ആളിപ്പടരുന്ന കാഴ്ചയായിരുന്നു. തുടര്‍ന്ന് തീയണച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് നന്ദിനിയെ തീകൊളുത്തി കൊലപ്പെടുത്തിയത് സുഹൃത്തായ ട്രാന്സ്മാന് വെട്രിമാരനാണെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
നന്ദിനിയെ വിവാഹം കഴിക്കാനായാണ് വെട്രിമാരന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സുഹൃത്തായ വെട്രിമാരനുമായി നന്ദിനി ഇത്തരത്തിലുള്ള ബന്ധം ആഗ്രഹിച്ചിരുന്നില്ല. ഇതേച്ചൊല്ലി വഴക്കായതോടെ വെട്രിമാരനുമായി സംസാരിക്കുന്നതും നിര്‍ത്തി. ഇതിനുപുറമേ ഓഫീസിലെ സഹപ്രവര്‍ത്തകനുമായി നന്ദിനിക്ക് അടുപ്പമുണ്ടെന്ന സംശയവും പ്രതിക്ക് പകയ്ക്ക് കാരണമായി. തുടര്‍ന്നാണ് നന്ദിനിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട നന്ദിനിയും പ്രതി പാണ്ടി മഹേശ്വരി എന്ന വെട്രിമാരനും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. മധുരയിലെ ഗേള്‍സ് സ്കൂളില്‍ 12-ാം ക്ലാസ് വരെ ഒരുമിച്ചായിരുന്നു ഇവരുടെ പഠനം. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നന്ദിനി ബി.എസ്.സി. ഐ.ടി. കോഴ്സിന് കോളേജില്‍ ചേര്‍ന്നു. വെട്രിമാരന് മറ്റൊരു കോളേജിലും ഉന്നതപഠനം തുടര്‍ന്നു. കോളേജ് പഠനത്തിന് ശേഷമാണ് നന്ദിനി ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.
വെട്രിമാരനും നന്ദിനിയും മറ്റൊരു പെണ്‍കുട്ടിയുമായിരുന്നു സ്കൂള്‍ കാലത്ത് ഏറ്റവും അടുത്ത കൂട്ടുകാര്‍. സ്കൂള്‍ പഠനത്തിന് ശേഷവും ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. വെട്രിമാരന് ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതോടെ സുഹൃത്തായ പെണ്‍കുട്ടിയും കുടുംബവും ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. എന്നാല്‍, നന്ദിനി വെട്രിമാരനെ അകറ്റിനിര്ത്തിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാന്സ്മാന് ആയ വെട്രിമാരനെ ഏറ്റവും അടുത്ത സുഹൃത്തായാണ് നന്ദിനി കരുതിയത്. പക്ഷേ, അതേ സുഹൃത്ത് തന്നെ നന്ദിനിയുടെ ഘാതകനായി മാറുകയായിരുന്നു.