കേരളം
കാണാതായ ഇരട്ട സഹോദരിമാർ ഉൾപ്പടെയുള്ള വിദ്യാർഥികളെ കണ്ടെത്തി
ആലത്തൂരിൽ നിന്നും കാണാതായ ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് വിദ്യാർഥികളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. ഇരട്ടകളായ ശ്രെയ, ശ്രീജ സഹപാഠികളായ അർഷദ്, അഫ്സൽ മുഹമ്മദ് എന്നിവരെയാണ് കാണായതായത്. സംഘം കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് പോകാൻ ട്രെയിനിൽ കയറുന്നതിനിടെ ആർപിഎഫിന്റെ പിടിയിലാവുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കാൻ ആലത്തൂർ പോലീസ് കോയമ്പത്തൂരിലേക്ക് പോകും.
നവംബർ മൂന്നിന് ഉച്ചകഴിഞ്ഞാണ് നാലംഗ സംഘത്തെ കാണാതായത്. ഇരട്ട സഹോദരിമാരെ കാണാതായതോടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം പഠിച്ചിരുന്ന രണ്ടു ആണ്‍കുട്ടികളെയും കാണാനില്ലെന്ന് വ്യക്തമായത്. ആലത്തൂരിലെ എയ്ഡഡ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് നാല് പേരും.
കാണാതായ ദിവസം സംഘം പാലക്കാട് നഗരത്തിൽ എത്തിയിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇവരിൽ ഒരാളുടെ കൈവശം മാത്രമാണ് മൊബൈൽ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ആ വഴിക്കുള്ള അന്വേഷണവും മുന്നോട്ടുപോയിരുന്നില്ല.
Story: ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായി
ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി ഇവർ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന് പോലീസിന് അനുമാനമുണ്ടായിരുന്നു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലും പാലക്കാടിന്റെ പരിസര പ്രദേശങ്ങളിലും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്.