കേരളം
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരാഴ്ചക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. രണ്ട് വകുപ്പ് തലവന്‍മാര്‍ അടക്കമുള്ള അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് ക്ലസ്റ്ററായി മാറിയതിനെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. 35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്.
കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായി നേരിടുന്ന തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിന് പുറമേ നിരവധി സ്ഥാപനങ്ങളും കോവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ജില്ലയില്‍ 12 കോളേജുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ പരീക്ഷകള്‍ നടത്തുന്നുണ്ട്. അധ്യാപകര്‍ക്കും മറ്റ് ജിവനക്കാര്‍ക്കും കോവിഡ് ബാധിച്ച സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സര്‍വകലാശാലയില്‍ നല്‍കി.
പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് വിദ്യാര്‍ഥികളും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയാണ്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതീക്ഷിക്കുന്നത്.