കേരളം
ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 70,000ലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 കടന്നതും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നലെ ഓഹരി വിപണി നേരിയ നഷ്ടം നേരിട്ടിരുന്നു.
എന്നാല്‍ ഇന്ന് വിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ദൃശ്യമായത്.ജിഎസ്ഡബ്ല്യൂ സ്റ്റീല്‍, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് മുഖ്യമായി നേട്ടം ഉണ്ടാക്കുന്നത്. ബിപിസിഎല്‍, എംആന്റ് എം, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പ നയവും ഓഹരി വിപണിയെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
മുഖ്യപലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്നാണ് പ്രഖ്യാപനം.ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഭീഷണിയായി തുടരുന്നതായും ആര്‍ബിഐ വിലയിരുത്തി. എങ്കിലും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വിപണിക്ക് ശക്തി പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.