കേരളം
പെരുന്നാൾ ഇളവുകൾ തീർന്നു; സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്
മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക് . വാരാന്ത്യ ലോക്ഡൗണും തുടരും.
പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നു. രാത്രി എട്ടുവരെയായിരുന്നു അനുമതി.
എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ ഇന്നലെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഈ ഇളവുകളെല്ലാം നിർത്തലാക്കി.