ദേശീയം
ജമ്മു കശ്മീരിന് സംസ്ഥാന പദവി; പ്രധാനമന്ത്രിയുടെ യോഗത്തില്‍ പ്രഖ്യാപനത്തിന് സാധ്യത
ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കിയേക്കുമെന്ന് സൂചന. ഈമാസം 24ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. എന്നാല്‍ പിന്‍വലിച്ച പ്രത്യേക പദവി പുനസ്ഥാപിക്കില്ല എന്നാണ് സൂചന.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആം അനുച്ഛേദം എടുത്ത് കളഞ്ഞത്. സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര നയത്തിന് എതിരെ രൂക്ഷ പ്രതിഷേധങ്ങള്‍ കശ്മീരില്‍ ഉയര്‍ന്നിരുന്നു.
മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മു കശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്.