കേരളം
റെയിൽവേയുടെ ഭാഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് ഉടന്‍ ശുചീകരിക്കും. ശുചീകരണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
റെയില്‍വേയുടെ ഭാഗത്തെ തോട് റെയില്‍വേ തന്നെ ശുചീകരിക്കും. റെയില്‍വേയുടെ പക്കലുള്ള ടണല്‍ റെയില്‍വേയും ഇറിഗേഷന്‍ വകുപ്പും സംയുക്തപദ്ധതിയായി ക്ലീന്‍ ചെയ്യും. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഭാഗത്ത് ഇറിഗേഷന്‍ വകുപ്പും കോര്‍പ്പറേഷന്റെ കീഴിലുള്ള സ്ഥലം കോര്‍പ്പറേഷനും ശുചീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് റെയില്‍വേ പ്രതിനിധി അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ചീഫ് സെക്രട്ടറി പത്തു ദിവസത്തിനകം യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ഓമയിഴഞ്ചാന്‍ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. ഇതില്‍ 117 മീറ്ററിലാണ് റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ ജോയി മരിച്ചതോടെയാണ്, തോട് ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നഗരസഭ, റെയില്‍വേ, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഉന്നതതലയോഗം വിളിച്ചത്.