ദേശീയം
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം. ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഇരുവരും നേതാക്കന്മാരോട് വിശദീകരിക്കും. ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം ആണെന്ന് പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം പ്രശ്നങ്ങൾ സമാധാനപരമായും ഭരണപരമായും പരിഹരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ശ്രീലങ്കയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സർക്കാർ രൂപീകരണ ആവശ്യമുന്നയിച്ച് തുടരുന്ന പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിൽ കസേരയിട്ടിരുന്നാണ് പ്രതിഷേധം. പ്രസിഡൻറ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാർ മന്ദിരങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച പ്രസിഡന്‍റ് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ പ്രക്ഷോഭകർ രംഗത്തെത്തി. ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാർ നടപടി തുടങ്ങി.