കേരളം
ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം
ജനനായകനെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കലക്ടറുടെ നേതൃത്വത്തിൽ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു. വഴിയിൽ ഇരുവശവും കോൺഗ്രസ് പ്രവർത്തകരും മറ്റു വിവിധ സംഘടനകളും ചേർന്ന് ബോർഡുകൾ സ്ഥാപിക്കുന്നുണ്ടായിരുന്നു.
വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ കറുത്ത കൊടികൾ കെട്ടി. പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്. ഡിസിസി ഓഫിസിൽ നിന്ന് പ്രവർത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കും.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ശവസംസ്കാരം. ഇവിടെ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി. വിയോഗവാർത്ത അറിഞ്ഞ് പള്ളിയിൽ അടിയന്തര കമ്മിറ്റി യോഗം ചേർന്നാണു തീരുമാനമെടുത്തത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിക്കായി കബറിടം ഒരുക്കിയിരിക്കുന്നത്.