കേരളം
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് പിരിക്കൽ; ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ മേൽ സമ്മർദ്ദം
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വലയ്ക്കുന്നു. ഒരു വര്‍ഷമായി ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ മുന്‍കാലത്തെ പോലെ ഫീസ് പിരിവുണ്ടാകില്ലെന്ന് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും കരുതിയിരുന്നപ്പോഴാണ് പണം പിരിച്ചേ മതിയാകൂ എന്ന വകുപ്പിന്റെ വാക്കാലുള്ള നിര്‍ദേശം. ഇതിന് അനുസൃതമായി ഒരു വിഭാഗം അധ്യാപകര്‍ തങ്ങളുടെ ബാധ്യതയായി മാറുമെന്ന് കണ്ട് ഫീസ് പിരിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, ഫീസ് പിരിക്കാനുള്ള അവ്യക്തത കൃത്യമായ ഉത്തരവിലൂടെ ഡയറക്ടറേറ്റ് അധികൃതര്‍ നീക്കണമെന്ന ബഹുഭൂരിപക്ഷം അധ്യാപകരും ആവശ്യമുയര്‍ത്തുകയാണ്.
28ന് തിയറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങാനിരിക്കുന്ന 2020-21 ബാച്ച് വിദ്യാര്‍ത്ഥികള്‍ അതും കഴിഞ്ഞുപോയാല്‍ പിന്നെ ഫീസ് പിരിക്കാനാവില്ലെന്നതാണ് അവരെ അലട്ടുന്ന സംഗതി. ഹൈസ്‌ക്കൂള്‍ തലത്തില്‍ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ചെറിയ തുകയാണെങ്കിലും സ്‌പെഷ്യല്‍ ഫീസുണ്ട്. അത് പിരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അപ്പോഴാണ് തീര്‍ത്തും ഘടകവിരുദ്ധമായി പ്ലസ്ടു ഫീസ് പിരിവിനുള്ള നിര്‍ദേശം. രണ്ടാം വര്‍ഷക്കാരിലും ഫീസ് കളക്ഷന്‍ പിരിക്കല്‍ തീരുമാനം ഉണ്ടായിട്ടില്ല.
സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്ന കാര്യത്തില്‍ നിരന്തരം അന്വേഷണങ്ങള്‍ നടത്തിയിട്ടും ഔദ്യോഗിക നിര്‍ദേശം സമയബന്ധിതമായി നല്‍കാതെ അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമിടയില്‍ ബോധപൂര്‍വം അവ്യക്തതയും അനിശ്ചിതത്വവും ഉണ്ടാക്കിയതായാണ് ആക്ഷേപം. ഫീ പിരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്ക് ലക്ഷങ്ങളുടെ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാവുന്ന സാഹചര്യമാണ്. ഫീസ് പിരിക്കുന്നവരാകട്ടെ രക്ഷിതാക്കളില്‍ നിന്ന് ചോദ്യങ്ങളും പ്രതിഷേധങ്ങളും നേരിടുകയാണ്. കൊവിഡ് കാലത്ത് കൂലിപ്പണിക്കുപോലും പോകാനാകാതെ സാമ്പത്തിക പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇത് വലിയ തുക തന്നെയാണ്.
ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ 2020-21 സ്‌പെഷ്യല്‍ ഫീസ് കളക്‌ട് ചെയ്യേണ്ട എന്നായിരുന്നു നേരത്തെ പ്രിന്‍സിപ്പല്‍മാരുടെ നിലപാട്. സയന്‍സ് വിഭാഗം ഒരു കുട്ടിക്ക് 530, കൊമേഴ്‌സ് 380, ഹ്യുമാനിറ്റീസുകാര്‍ക്ക് പ്രാക്ടിക്കല്‍ ഇല്ലാതെ 280 എന്നിങ്ങനെയാണ് പിരിക്കേണ്ടത്. ഒരു സ്‌കൂളില്‍ നിന്ന് തന്നെ ലക്ഷത്തിനടുത്ത് ഫീസാണ് പിരിച്ചെടുക്കേണ്ടത്. ക്ലാസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അധ്യാപകര്‍ ഉന്നയിക്കുന്നുണ്ട്. സ്‌കൂള്‍ ഔദ്യോഗികമായി തുറന്നിട്ടില്ലെന്നും അതിനാല്‍ അധ്യാപക നിയമനങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ പറഞ്ഞ സാഹചര്യവും കഴിഞ്ഞ വര്‍ഷം ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പിടാത്തതും ഓണ്‍ലൈന്‍ പഠനത്തിന് പുറമേ ഫോക്കസ് ഏരിയ ചര്‍ച്ചക്കായി കുട്ടികളുടെ ഹാജര്‍ ഔദ്യോഗികമായി രേഖപ്പെടുത്താത്തതുമാണ് ഫീസ് കളക്ഷന്‍ കീറാമുട്ടിയാക്കുന്നത്.