കേരളം
കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തടഞ്ഞ് മകൻ ; അവസാനം പൊലീസ് ഇടപെട്ട് അമ്മയ്ക്ക് ചിതയൊരുക്കി
കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ മകന് കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്, ഇയാളുടെ അയല്‍വക്കത്ത് താമസിക്കുന്ന മകളുടെ പറമ്ബില്‍ അമ്മയ്ക്ക് ചിതയൊരുക്കി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനുമായി അകന്ന് മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. കുടുംബവീടിന്റെ ഗേറ്റു കടന്നു വേണം മകളുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍. എന്നാല്‍ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നില്‍ക്കുകയായിരുന്നു.
ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാല്‍ പൂട്ട് മുറിച്ച് മൃതദേഹം മകളുടെ വീട്ടിലെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിച്ചു. ജനപ്രതിനിധികളാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് ചേര്‍ത്തല സി.ഐ പറഞ്ഞു.