കേരളം
ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
എസ്എൻസി ലാവലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷമായി കോടതി കയറി ഇറങ്ങുന്ന റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു.
38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു കേസിൽ 2017ൽ ശിക്ഷ വിധിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്. ശിക്ഷിക്കപ്പെടുമ്പോൾ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്നു.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കുറ്റവിമുക്തരായി. എന്നാൽ അയ്യരടക്കം മൂന്ന് പേർ ശിക്ഷിക്കപ്പെട്ടു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കും ശിക്ഷാ ഇളവു നൽകണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവർ ഇതിൽ കക്ഷി ചേർന്നു. രണ്ട് ഹർജികളും നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കൾ: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കൾ: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്കാരം ഇന്ന്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!