കേരളം
ബ്രഹ്മപുരത്തെ തീപിടിത്തം; പുകയ്ക്ക് രണ്ട് ദിവസത്തിനകം പരിഹാരമെന്ന് ജില്ലാ കലക്ടര്‍
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ്. ഇതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ആറു ദിവസമായി തുടര്‍ച്ചയായി ജോലി ചെയ്തുവരികയാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പടെയുള്ള ജീവനക്കാര്‍. ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു.
30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.
ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.