കേരളം
കെഎസ്ആർടിസിയിൽ നാളെ മുതൽ സിംഗിൾ ഡ്യൂട്ടി; പണിമുടക്കാനൊരുങ്ങി കോൺഗ്രസ് സംഘടന
കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതൽ പണിമുടക്ക്. കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയനാണ് പണിമുടക്കുന്നത്. നാളെ മുതലാണ് സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിൽ വരുന്നത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമായിരിക്കും മാറ്റം.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിൽ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.
അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് അറിയിച്ചു. അതേസമയം പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.