കേരളം
മോന്‍സണുമായി ബന്ധം കലാകാരി എന്ന നിലയില്‍; ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ശ്രുതി ലക്ഷ്മി
മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യം ഇഡിയോട് വ്യക്തമാക്കിയിട്ടുണ്ട്. കലാകാരി എന്ന നിലയിലാണ് മോന്‍സണുമായി ബന്ധം എന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോന്‍സന്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു.
പുരാവസതു തട്ടിപ്പിലൂടെ മോന്‍സണ്‍ തട്ടിയ കോടികള്‍ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കണക്ക് കൂട്ടുന്നത്. മോന്‍സണുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തതയുണ്ടാക്കാനാണ് നടിയെ വിളിച്ച് വരുത്തിയത്. തൃശൂര്‍ കരീച്ചിറയില്‍ ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.
ഇവിടെവെച്ച് മോന്‍സന്റെ പുരാവസതു തട്ടിപ്പ് കേസിലെ കൂട്ട് പ്രതി ജിഷ്ണുവിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡാന്‍സര്‍ എന്ന നിലയില്‍ മോന്‍സണ്‍ ക്ഷണിച്ചപ്പോള്‍ നൃത്തം അവതരിപ്പിച്ചതല്ലാതെ മറ്റ് പുരാവസ്തു ഇടപാടുകളില്‍ താന്‍ പങ്കാളിയല്ലെന്നാണ് ശ്രുതി മൊഴി നല്‍കിയിട്ടുള്ളത്. മോന്‍സനുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ ആളുകളെ ഇഡി വരും ദിവസം ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും മൊഴികളും കൈമാറണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് ഇ!ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.