കേരളം
ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ
സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. എസ്എഫ്ഐയെ മുൻനിർത്തി ഗവർണറെ നേരിടാം എന്ന പുതിയ തന്ത്രമാണ് സിപിഐഎം പയറ്റുന്നത്. എന്നാൽ ഗവർണറുടെ വാഹനത്തിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിന് മറുപടി പറയാൻ സർക്കാരിന് കഴിയുന്നുമില്ല.
ഗവർണറുടെ വാഹനം ആക്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയത്. രാജ്ഭവനിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് ഗുരുതരമായ വകുപ്പുകൾ ചുമത്തി. അതിനിടയിൽ കോടതിയിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യവും ലഭിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം എന്ന വാദം പ്രതിപക്ഷവും ബിജെപിയും കടുപ്പിക്കുകയാണ്.
എന്നാൽ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തെ ന്യായീകരിക്കാനാണ് സിപിഐഎം നേതാക്കളുടെ ശ്രമം. പ്രതിഷേധത്തിനിടയുണ്ടായ അനിഷ്ട സംഭവങ്ങളെ തള്ളിപ്പറയാൻ ഒരു നേതാവും തയ്യാറായിട്ടില്ല. ഇനിയും സമരം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ഡൽഹിയിൽ നിന്ന് ഗവർണർ തിരിച്ചെത്തിയാൽ ഉടൻ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ.
എന്നാൽ നവ കേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധ പരിപാടികളെ കണ്ണുമടച്ചെതിർക്കാൻ സിപിഐഎം നേതാക്കൾക്ക് രണ്ടാമത് ആലോചിക്കേണ്ടി വരുന്നില്ല. സമരങ്ങളിലെ ഈ രണ്ടു നിലപാട് ഇതിനോടകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പൊലീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് ഗവർണറെ ആക്രമിക്കാൻ കൂട്ടുനിൽക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
യുഡിഎഫും എസ്എഫ്ഐ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടി വീക്ഷിച്ച ശേഷം രാജ്ഭവൻ വിഷയത്തിൽ നിലപാടെടുക്കും. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ആണ് സാധ്യത.