കേരളം
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എൺപതുകളിലെ ഹിറ്റ് മേക്കർ. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ.
ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഈറൻ സന്ധ്യയായിരുന്നു ആദ്യചിത്രം. ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി. മനു അങ്കിൾ, അഥർവം, തുടർക്കഥ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർ താര പദവിയിൽ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്.