Uncategorized
സ്കൂളുകൾക്ക് പോലീസിന്റെ സൈബർ സുരക്ഷാവല
സൈബര്‍ ലോകത്തെ തട്ടിപ്പുകളിലും ചതികളിലും ഇരകളാകാതെ കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പോലീസിന്റെ പദ്ധതി. വിദ്യാര്‍ഥികളെ സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയുമൊരുക്കിയാണ് പോലീസ് സുരക്ഷാവലയം തീര്‍ക്കുന്നത്.
സംസ്ഥാനത്ത് പോലീസിന്റെയും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓസ്ട്രേലിയന്‍ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെയാണ് ‘കിഡ് ഗ്ലോവ്’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സൈബര്‍ സുരക്ഷയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവും പരിശീലനവും പദ്ധതിയിലൂടെ നല്‍കും. സൈബര്‍ സുരക്ഷയില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ ഒരു പഠനവേദി ഒരുക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങള്‍ നല്‍കും.
പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള കാമ്പസ് അവബോധം വര്‍ധിപ്പിക്കും. ഈ പദ്ധതിയില്‍ കേരളത്തിലെ എല്ലാ സ്കൂളുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസ് നിര്‍ദേശിച്ചു.