കേരളം
എസ് ഐ ആനി ശിവയ്ക്കെതിരെ വീണ്ടും അഭിഭാഷക സംഗീത ലക്ഷ്മണ
ജീവിത സാഹചര്യങ്ങളോട് പൊരുതി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ആനി ശിവ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസെടുത്തത്.
ഐടി ആക്‌ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ബുധനാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അതേസമയം. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ സംഗീത ലക്ഷ്മണ ‘എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ എന്ന് വീണ്ടും പോസ്റ്റിട്ടു.
ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു.അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞതെന്നും എഫ്‌ഐആര്‍, എഫ്‌ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എഴുതിയിട്ടുണ്ട്. മുന്‍ ഐജി കെ. ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത.
ആനി ശിവ സെന്‍ട്രല്‍ സ്റ്റേഷന്‍ ചുമതല ഏല്‍ക്കുന്നതിനു മുന്‍പ് അവരുടെ ജീവിതം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും വൈറലായതിനു പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണ സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ പോസ്റ്റിട്ടത്. ഇതു തുടര്‍ന്നതോടെയാണ് പരാതി നല്‍കാന്‍ ആനി ശിവ മുതിര്‍ന്നത്. വരും ദിവസം ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
നാരങ്ങ വെള്ളവും ഐസ്ക്രീമും വിറ്റുനടന്ന വര്‍ക്കല ബീച്ച് ഉള്‍പ്പെടുന്ന പ്രദേശത്തെ സ്റ്റേഷനില്‍ എസ്‌ഐആയി ചുമതല ഏറ്റെടുത്തത് സഹപ്രവര്‍ത്തകരില്‍ ഒരാളോടു പങ്കുവച്ചതിനു പിന്നാലെയാണ് ഇവരുടെ ജീവിതം പുറം ലോകമറിയുന്നത്. തൊട്ടു പിന്നാലെ ഇവര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഇവരുടെ ആഗ്രഹപ്രകാരം എറണാകുളം ജില്ലയിലേക്കു സ്ഥലംമാറ്റവും ലഭിച്ചിട്ടുണ്ട്.