കേരളം
ശബരിമല വെർച്വൽ ക്യൂ വിഷയത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ഹൈക്കോടതി
ശബരിമലയിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയ വിഷയത്തിൽ സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സർക്കാരിന് എന്തധികാരമെണെന്ന് കോടതി ചോദിച്ചു. ക്ഷേത്ര കാര്യങ്ങളിൽ സർക്കാരിന്റെ പങ്ക് എന്താണെന്ന് ചോദിച്ച കോടതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ദേവസ്വം ബോർഡാണെെന്നും വ്യക്തമാക്കി.
വെർച്വൽ ക്യൂ ഏർപ്പെടുത്താൻ കോടതിയുടെ അനുമതി വാങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകിയതിനേയും കോടതി വിമർശിച്ചു. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പൊലീസും സർക്കാരും ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കോടതി ചോദിച്ചു.
സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യൂവെന്ന് സർക്കാർ വിശദീകരിച്ചു. വെർച്വൽ ക്യൂ സംവിധാനം 2011 മുതൽ ഏർപ്പെടുത്തിയതാണെന്നും സർക്കാർ വിശദമാക്കി. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.