കേരളം
തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെട്ടു, ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തും
ശബരിമലയിൽ മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയിൽ നിന്നു പുറപ്പെട്ടു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ ഏഴു മണിക്കാണ് തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥം പുറപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് തങ്ക അങ്കി സന്നിധാനത്തെത്തും.
ഇന്ന് പുലർച്ചെ നാല് മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിന് അവസരം ഒരുക്കിയിരുന്നു. 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കിയാവും ശനിയാഴ്ച ശബരിമലയിൽ എത്തുക. അന്ന് വൈകീട്ട് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന.
ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. ആദ്യദിവസം രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും 23ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24ന് രാത്രി പെരുനാട് ശാസ്ത്രാക്ഷേത്ത്രിലും ഘോഷയാത്ര തങ്ങും. 25ന് രാവിലെ എട്ടിന് പെരുനാടുനിന്ന് പുറപ്പെട്ട് ളാഹ സത്രം, പ്ലാപ്പള്ളി, നിലക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തും. പമ്പയില്‍നിന്ന് വൈകീട്ട് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ശബരിമല ക്ഷേത്രത്തില്‍നിന്ന് എത്തുന്ന സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
സോപാനത്ത് എത്തുന്ന തങ്കഅങ്കിയെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചക്കാണ് മണ്ഡലപൂജ. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.